Kerala
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര ചികിത്സപ്പിഴവെന്നു പരാതി. ചികിത്സാപ്പിഴവുമൂലം കോഴിക്കോട് വാണിമേല്‍ പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45) മരണത്തോടു മല്ലടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും സഹോദരന് റിജിലേഷ് മെഡിക്കല്‍ കോളജ് പോലീസിനും പരാതി നല്കി. അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുകയാണു റീജിത്ത്.
വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി 2025 ഓഗസ്റ്റില്‍ റീജിത്തിനെ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുഭാഗത്തെ കല്ലാണ് നീക്കേണ്ടിയിരുന്നത്. എന്നാല്‍, ഡോക്ടര്‍മാര്‍ വലതുഭാഗത്താണു ശസ്ത്രക്രിയ നടത്തിയതെന്നും വീണ്ടും ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോള്‍ തങ്ങളുടെ സമ്മതം കൂടാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നും ഷിജിലയും റിജിലേഷും ദീപികയോടു പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിതിനു പിന്നാലെയാണ് വീണ്ടുമൊരു ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. റീജിത്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയപ്പോള്‍ വലതുവശത്ത് വലിയ ദ്വാരമുണ്ടാക്കി പൈപ്പ് ഇട്ടിരുന്നു. അവിടെനിന്ന് പഴുപ്പ് ഒലിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍നിന്നു ഡിസ്ചാര്‍ജാക്കി. പഴുപ്പ് നിലയ്ക്കാത്തതുകൊണ്ട് വീണ്ടും അഡ്മിറ്റാക്കി.
ഈ സമയത്ത് തങ്ങളുടെ സമ്മതമില്ലാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. ഭര്‍ത്താവിന് എന്താണ് പറ്റിയതെന്നു ചോദിക്കുമ്പോള്‍, ഇതൊക്കെ സാധാരണയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്നു ഷിജില പറഞ്ഞു. രണ്ടു ഭാഗത്തും നടത്തിയ ശസ്ത്രക്രിയകള്ക്കുശേഷം ഇരു ഭാഗത്തും പഴുപ്പും നീര്‍ക്കെട്ടുമുണ്ടായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴൊക്കെ വീട്ടില്‍ പോയി വിശ്രമിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്.
രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞമാസം 18ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായിയെന്നും ശ്വാസകോശത്തിനും വൃക്കകള്‍ക്കും അണുബാധയുണ്ടായി ഭര്‍ത്താവിന്റെ ആരോഗ്യനില അത്യന്തം ഗുരുതരമാണെന്നും ഷിജില വ്യക്തമാക്കി. മേയ് 30നാണ് ഐസിയുവിലേക്കു മാറ്റിയത്. കഴിഞ്ഞമാസം 31നാണ് ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു പരാതി നല്‍കിയത്. സഹോദരന് റിജിലേഷ് ഈ മാസം ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് എസ്എച്ച്ഒയ്ക്കും പരാതി നല്കി. അന്വേഷിക്കാമെന്നു പറഞ്ഞതല്ലാതെ പോലീസ് തുടര്‍നടപടി സ്വീകരിച്ചതായി അറിയില്ലെന്ന് റിജിലേഷ് പറഞ്ഞു.
സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത റീജിത്തിനു സംഭവിച്ച ദുരവസ്ഥയില്‍ കുടുംബം ആകെ തളര്‍ന്നിരിക്കുകയാണ്. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്താണ് റീജിത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞതു മുതല്‍ റീജിത്തിന്റെ ആരോഗ്യ നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. സഹോദരന്റെ വീട്ടിലാണ് റീജിത്ത് താമസിക്കുന്നത്.
ഷിജിലയുടെ പരാതി കിട്ടിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്താന്‍ എസിപിയുടെ അനുമതി തേടിയിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് എസ് എച്ച്ഒ ദീപികയോടു പറഞ്ഞു. ഈ പരാതിയില്‍ നേരിട്ടു കേസെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എക്സ്റേ ഫിലിമില്ലാതു കാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍.
കംപ്യൂട്ടറില്‍നിന്നു മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണു നിര്‍ദേശം.
വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികള്‍ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഉടന്‍തന്നെ പ്രശ്നം പരിഹരിക്കുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ബുദ്ധിമുട്ടാണ് രോഗികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
നല്ല ക്ലാരിറ്റിയുള്ള മൊബൈല്‍ ഫോണ്‍ കാമറയില്ലെങ്കില് ഒന്നും വ്യക്തമാകില്ലെന്നാണു രോഗികള്‍ പറയുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപികമാരുടെ പീഡനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് തുടങ്ങി.
ആറു പെൺകുട്ടികളടക്കം 12 പിജി വിദ്യാർഥികളിൽ നിന്നാണ് ആദ്യഘട്ടത്തിൽ കമ്മീഷന് നേരിട്ടെത്തി മൊഴിയെടുത്തത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൈക്യാട്രി അധ്യാപകരായ ഡോ. എ. അനിതകുമാരി, ഡോ. സി.എ.സ്മിത എന്നിവർക്കെതിരേയാണ് രണ്ടാഴ്ചമുമ്പ് മനോരോഗവിഭാഗത്തിലെ പിജി വിദ്യാർഥികള്‍ മാനസിക പീഡനം ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷന് വിശദമായ മൊഴികളാണ് വിദ്യാർഥികളടക്കമുള്ളവരിൽനിന്ന് രേഖപ്പെടുത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിൽ പൂർത്തിയാവാത്ത മൊഴിയെടുപ്പ് തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈനിലൂടെ തുടരാണ് കമ്മീഷന് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അടുത്ത ആഴ്ച തന്നെ കൈമാറും.
ആരോപണ വിധേയരായ അധ്യാപികമാരെ പരീക്ഷാ ചുമതലയിൽനിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് സപ്ലിമെന്ററി പരീക്ഷയെഴുതുന്ന രണ്ടുപേർ കൂടി പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.
മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മുന്നിൽ വെച്ച് പരസ്യമായി അപമാനിപ്പിക്കപ്പെടുകയും തിസീസ് ഒപ്പിട്ട് നൽകില്ലെന്നും പരീക്ഷയിൽ മാർക്ക് കുറക്കുമെന്നുമുള്ള ഭീഷണിക്കിരയാവുകയും ചെയ്തതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് വിദ്യാർഥികള്‍ കമ്മീഷന് മുന്നില്‍ പങ്കുവച്ചത്. സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് വിവരം.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ബോംബ് ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 11 നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി വന്നത്.
മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും വിശദമായ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ സന്ദേശം എത്തിയിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് രണ്ടുതവണയും മെയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളജ് പരിസരത്തെ മുഴുവന്‍ വാഹനങ്ങളിലും പോലീസ് പരിശോധന നടത്തി.
Kerala
കോഴിക്കോട്: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി.
തുടർന്നു യുവാവിനെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റീ മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.
ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
District News
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരു ഡസനിലധികം ഡോക്ടർമാരെ താൽക്കാലികമായി വയനാട് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് രോഗികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. അനസ്തേഷ്യ, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാർമക്കോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് വയനാട്ടിലേക്ക് മാറ്റിയത്. ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) വയനാട് മെഡിക്കൽ കോളേജിലെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്നാണ് സൂചന.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ തുടങ്ങിയ സീസണൽ രോഗങ്ങൾ കാരണം രോഗികളുടെ തിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കിടക്കകളുടെ ക്ഷാമം കാരണം പല രോഗികൾക്കും തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
സ്ഥലംമാറ്റിയ ഡോക്ടർമാർക്ക് പകരമായി പുതിയ നിയമനങ്ങൾ നടത്തുന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്കാദമിക് പ്രവർത്തനങ്ങളെയും രോഗീപരിചരണത്തെയും ബാധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ സംസാരം. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ അധികൃതർ വ്യക്തമായ നിലപാട് അറിയിക്കണമെന്നാണ് ആവശ്യം.